തരൂര്‍ ഡല്‍ഹി നായരല്ല, വിശ്വപൗരനും കേരളപുത്രനും: ‘തിരുത്തി’ സുകുമാരന്‍ നായര്‍
കോട്ടയം: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിശ്വപൗരനും കേരളപുത്രനുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ശശി തരൂരിനെ ‘ഡല്‍ഹി നായരെ’ന്ന് വിശേഷിപ്പിച്ചത് തിരുത്തിയായിരുന്നു ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസംഗം. തെറ്റു തിരുത്താന്‍ കൂടിയാണ് ശശി തരൂരിനെ ക്ഷണിച്ചതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. മന്നത്തു പത്മനാഭന്റെ 146–ാമത് ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ശശി തരൂരാണ്. ഇതിനായി അദ്ദേഹം ചങ്ങനാശേരിയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്.
തരൂരുമായി ഏറെക്കാലമായി പാലിച്ചുപോന്ന അകലം അവസാനിപ്പിച്ചാണ് ഇത്തവണ മന്നം ജയന്തി പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് ‘ഡല്‍ഹി നായര്‍’ എന്ന വിശേഷണവുമായി സുകുമാരന്‍ നായര്‍ വിവാദം സൃഷ്ടിച്ചത്. തരൂരിനെ സ്ഥാനാര്‍ഥിയാക്കിയത് ‘നായര്‍ ക്വോട്ടയില്‍’ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചിരുന്നു.
ഇത്തവണ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിനു പിന്നാലെ, തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടെയാണ് മന്നം ജയന്തി ആഘോഷങ്ങളിലേക്ക് ക്ഷണിച്ച് എന്‍എസ്എസ് മഞ്ഞുരുക്കിയത്. തരൂര്‍ ‘ഡല്‍ഹി നായര’ല്ല, വിശ്വപൗരനും കേരളപുത്രനുമാണെന്ന തിരുത്തും ഇതിന്റെ ഭാഗമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ പങ്കെടുത്ത അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തോടെയാണ് പെരുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചത്. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് വിപുലമായ രീതിയില്‍ ജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്.