ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന്; കബറടക്കം വ്യാഴാഴ്ച
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കുക.വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 11.30 വരെ) വിശ്വാസികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. വിവിധ ലോകനേതാക്കളും മതനേതാക്കളും അന്തരിച്ച മാര്‍പാപ്പയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തും.
വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ബനഡിക്ട് പാപ്പായുടെ താല്‍പര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.