ശബരിമല വിമാനത്താവളത്തിന് 2750 ഏക്കര്‍ ഭൂമിയേറ്റെടുക്കും; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാന്‍ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള റണ്‍വെ അടക്കം മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിട്ടുണ്ട്.കേരളത്തിന്റെ വലിയ വികസന സ്വപ്നമാണ് ഈ പദ്ധതി. പല കാലത്ത് പല പ്രതിസന്ധികളില്‍ തട്ടി വൈകിയ പദ്ധതിയാണിത്. തുടര്‍ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും വ്യോമയാന മന്ത്രാലത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന വാദവുമായി പദ്ദതിയുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ രണ്ട് കോടി രൂപ വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. പദ്ധതിക്ക് കേന്ദ്ര പാര്‍ലമെന്ററി സമിതിയുടെ അടക്കം അംഗീകാരം ലഭിച്ചിരുന്നു. ശബരിമല തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുന്നതാണ് പദ്ധതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
മണിമല വില്ലേജിലാണ് ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുക. പാരിസ്ഥിതിക ലോല മേഖലയാണിത്. 2263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു നേരത്തെ ഡിപിആര്‍ പദ്ധതി തയ്യാറാക്കിയത്. അതേസമയം ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തര്‍ക്കം ഇപ്പോഴും കോട്ടയം പാലാ കോടതിയുടെ പരിഗണനയിലാണ്.അമേരിക്കയിലെ ലൂയിസ് ബര്‍ജറാണ് വിമാനത്താവള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവര്‍ക്ക് ചുമതല നല്‍കിയത്. സാങ്കേതിക സാമ്പത്തിക ആഘാത പഠനം നടത്താന്‍ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നല്‍കിയിരിക്കുന്നത്.