മോക്ഡ്രില്ലിനിടെ യുവാവിന്റെ മരണം: വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Spread the love

പത്തനംതിട്ട: വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമന്‍ മരിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പത്തനംതിട്ട കളക്ടര്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെയാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രില്‍ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശി ബിനു സോമന്‍ മുങ്ങിമരിച്ചത്.
മല്ലപ്പള്ളി തഹസില്‍ദാര്‍ക്ക് ചുമതലയുണ്ടായിരുന്ന പരിപാടിയില്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ബിനു സോമന്‍ അടക്കം നാല് പേര്‍ വെള്ളത്തിലിറങ്ങിയത്. എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടേയും ഫയര്‍ഫോഴ്‌സുകാരുടെയും കണ്‍മുന്നില്‍ വച്ചാണ് ബിനു സോമന്‍ മുങ്ങി താഴ്ന്നത്. 20 മിനിറ്റില്‍ അധികമാണ് ബിനു വെള്ളത്തില്‍ കിടന്നത്. ബിനുവിനെ കരയ്ക്ക് എത്തിക്കാന്‍ ഉപയോഗിച്ച ഡിങ്കി ബോട്ടിന്റെ മോട്ടോര്‍ എഞ്ചിന്‍ കൃത്യ സമയത്ത് പ്രവര്‍ത്തിച്ചില്ല. പലതവണ എഞ്ചിന്‍ ഓഫ് ആയി പോയി. നാട്ടുകാര്‍ ബോട്ടില്‍ കയര്‍ കെട്ടി വലിച്ചാണ് കരക്കടുപ്പിച്ചത്.
വെള്ളത്തില്‍ നിന്ന് ബിനുവിനെ കരക്കെടുക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചെന്നും മരണം സ്ഥിരീകരിക്കാന്‍ വൈകിയത് ഉദ്യോഗസ്ഥതല വീഴച്ച മറച്ച് വെക്കാനായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെയാണ് ബിനുവിന്റെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *