അംബാനിമാരുടെ ഇഷ്ട ക്ഷേത്രത്തില്‍ അനന്ത് അംബാനിയുടെ വിവാഹനിശ്ചയം
ന്യൂഡല്‍ഹി: ബനാസ് നദിക്കരയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാധികയും അനന്തും പരസ്പരം വിവാഹനിശ്ചയ മോതിരം അണിയിച്ചു. രാജസ്ഥാനില്‍ റിലയന്‍സ് ജിയോയുടെ 5ജി സേവനത്തിനു തുടക്കമിടാനുള്ള വേദിയായി മുകേഷ് അംബാനി തിരഞ്ഞെടുത്ത ശ്രീനാഥ്ജി ക്ഷേത്രത്തില്‍വച്ചു തന്നെയാണ് ഇളയ മകന്‍ അനന്ത് അംബാനിയുടെ വിവാഹനിശ്ചയച്ചടങ്ങും നടത്തിയത്. എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വിരേന്‍ മെര്‍ച്ചെന്റിന്റെയും ഷൈലയുടെയും മകളാണു രാധിക. വിവാഹം ഉടനെയുണ്ടാകും. തീയതി പുറത്തുവിട്ടിട്ടില്ല.
നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം അംബാനി കുടുംബത്തിന് എക്കാലവും പ്രിയപ്പെട്ടതാണ്. കുടുംബത്തിന്റെ ആരാധനാമൂര്‍ത്തിയാണു ശ്രീനാഥ്ജി.
യുഎസിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച അനന്ത് അംബാനി (27) ഇപ്പോള്‍ റിലയന്‍സിന്റെ എനര്‍ജി ബിസിനസ് വിഭാഗത്തിനു നേതൃത്വം നല്‍കുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ രാധിക (24) എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്. നൃത്തം പഠിക്കുന്ന രാധികയുടെ അരങ്ങേറ്റം കഴിഞ്ഞ ജൂണില്‍ മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടത്താന്‍ മുന്‍കയ്യെടുത്തത് മുകേഷ് അംബാനിയും ഭാര്യ നിതയുമായിരുന്നു.
വിവാഹനിശ്ചയച്ചടങ്ങിനു ശേഷം ഇരുവരും കുടുംബാംഗങ്ങളും ഇന്നലെ മുഴുവന്‍ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ സമയം ചെലവഴിച്ചു. ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിലെ ആടയാഭരണങ്ങള്‍ ദിവസം 7 തവണ മാറ്റുന്ന ചടങ്ങുകളിലും പങ്കെടുത്തു. ഗുരുവായൂര്‍ ഉള്‍പ്പെടെ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷം ആദ്യം രാധികയെയും കൂട്ടി മുകേഷ് അംബാനി ദര്‍ശനം നടത്തിയിരുന്നു.