സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

Spread the love

തിരുവനന്തപുരം: നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ 12 കേന്ദ്രങ്ങളില്‍.
സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ഡല്‍ഹിയില്‍ നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന.
തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്. പള്ളിക്കല്‍. പി.എഫ്.ഐ പ്രവര്‍ത്തകന്‍ തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്.
പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു.സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി.
മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന പുരോഗമിക്കുന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. പി.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി തമര്‍ അഷ്‌റഫിന്റെ വീട്ടിലാണ് റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *