സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലി; അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്നു ഹൈക്കോടതി

Spread the love

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തീരുമാനങ്ങളില്‍ അഴിമതി ആരോപിക്കപ്പെടുമ്പോഴേ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമുള്ളുവെന്ന് ഹൈക്കോടതി. കൈക്കൂലി ആരോപണം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിനാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ അന്വേഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അഴിമതി നിരോധന നിയമത്തിന്റെ 17എ വകുപ്പു പ്രകാരം കൈക്കൂലി ആരോപണം അന്വേഷിക്കുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ജസ്റ്റിസ് കെ ബാബു വിധിയില്‍ വ്യക്തമാക്കി. ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതിയുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പേരില്‍ അഴിമതി നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കടുത്തുരുത്തി മുന്‍ എസ്.ഐ ടിഎ അബ്ദുല്‍ സത്താറാണ്‌റി കോടതിയെ സമീപിച്ചത്.

പാലക്കാട് സ്വദേശിയായ പ്രവാസിക്കെതിരെ കുറുപ്പന്തറ സ്വദേശിനിയായ ഭാര്യ നല്‍കിയ പരാതിയിലാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാര്‍ പ്രവാസിയുടെ പിതാവില്‍നിന്ന് 5000 രൂപയും സഹോദരനില്‍നിന്ന് 15,000 രൂപയും കൈക്കൂലി വാങ്ങിയതായി പറയുന്നു. പിന്നീട് കേസില്‍ പ്രവാസിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. തുടര്‍ന്ന് നേരത്തേ നല്‍കിയ പണത്തില്‍ 15,000 രൂപ അബ്ദുല്‍ സത്താര്‍ എടുത്തെന്നറിയിച്ച അനില്‍കുമാര്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലന്‍സില്‍ പരാതി നല്‍കുകയും 2021 ആഗസ്റ്റ് 12ന് അനില്‍കുമാര്‍ അറസ്റ്റിലാകുകയുമായിരുന്നു. കേസില്‍ അനില്‍കുമാര്‍ ഒന്നാം പ്രതിയും സത്താര്‍ രണ്ടാം പ്രതിയുമാണ്.

പരാതിക്കാരനില്‍നിന്നു താന്‍ കൈക്കൂലി വാങ്ങിയതായി ആരോപണമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം നടത്തില്ലെന്നുമാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഇതു കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *