ആകാശ് തില്ലങ്കേരിയുമായി ഷാജര്‍ വേദി പങ്കിട്ടത് അപ്രതീക്ഷിതമായി; നടപടി വേണ്ടെന്ന് ഡിവൈഎഫ്ഐ
കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം.വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തില്‍ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നല്കി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു. തില്ലങ്കേരി ലോക്കല്‍ കമ്മറ്റി കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തതോടെ സംഭവം അടഞ്ഞ അധ്യായമായെന്നും ഇക്കാര്യത്തില്‍ ഇനി ഡിവൈഎഫ്ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകാരെണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുകയും രാത്രിയായാല്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തുകയും ചെയ്യുന്ന ആകാശ് തില്ലങ്കേരിക്കെതിരെ കഴിഞ്ഞ വര്‍ഷം ഷാജര്‍ നടത്തിയ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇവര്‍ കള്ളക്കടത്ത് സംഘമാണെന്നും ശുദ്ധാത്മാക്കള്‍ ഇവരുടെ വലയില്‍ വീണുപോകരുതെന്നുമായിരുന്നു ഷാജറിന്റെ പഴയ ആഹ്വാനം.