ഇപിക്കെതിരായ ആരോപണം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് ദേശീയ നേതൃത്വം

Spread the love

ന്യൂഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. പരസ്യ ചേരി തിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇപി വിഷയം വിശദമായ ചര്‍ച്ചയിലേക്ക് പോയില്ല.
കണ്ണൂരിലെ വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജന്‍ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കും. കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പി ബി നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ല. എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കള്‍. സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നല്‍കിയിരിക്കുന്നത്.
കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു. അന്വേഷണ കമ്മീഷന്‍ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തില്‍ ഇന്നലെ മുതല്‍ കാണുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതിനാല്‍ അവഗണിച്ച് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *