ഇ.പി ജയരാജനെതിരായ ആരോപണം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ
കണ്ണൂരിലെ റിസോർട്ടിൻ്റെ മറവിൽ ഇ.പി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ജയരാജനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം മന്ത്രിയായിരുന്നപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോർട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജൻ ദുരുപയോഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങൾ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാർട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. ഭരണതുടർച്ച അണികളെ വഷളാക്കിയെന്ന കാര്യം മാർകിസ്റ്റ് പാർട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
പി. ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിൻ്റെ പാർട്ടി അന്വേഷിക്കട്ടെ. അധികാര ദുർവിനിയോഗമാണ് ഇപിയുടെ കാര്യത്തിൽ നടന്നത്. അതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്തിന് തെറ്റു പറ്റിയെന്നും. അത് അംഗീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.