ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചു

Spread the love

പാലക്കാട്: ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് ആദിവാസി യുവാവിന് പിഎസ്‌സി ജോലി നിഷേധിച്ചു. പാലക്കാട് ആനവായ് ഊരിലെ മുത്തുവിനാണ് ഒരു കൈപ്പാടകലെ സര്‍ക്കാര്‍ ജോലി നഷ്ടമായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ പാസായി അഭിമുഖം വരെ എത്തിയ ശേഷമാണ് പല്ലിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടതെന്ന് മുത്തു പറഞ്ഞു. ചെറുപ്പത്തില്‍ വീണതിനെ തുടര്‍ന്നാണ് പല്ലിന് തകരാര്‍ വന്നത്. പണമില്ലാത്തതിനാല്‍ ചികിത്സിക്കാനായില്ലെന്നും മുത്തു പറഞ്ഞു.
പിഎസ്‌സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. എഴുത്തുപരീക്ഷ വിജയിച്ച് കായികക്ഷമതയും തെളിയിച്ച ശേഷമാണ് മുത്തുവിന് ജോലി നിഷേധിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് സംവരണം ചെയ്തിരിക്കുന്ന തസ്തികയിലേക്കാണ് ജോലി നിഷേധിക്കപ്പെട്ടത്. അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് മുത്തുവിന്റെ വീട്. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതി നേടിയ ജോലിയാണ് മുത്തുവിനെ കൈയ്യകലത്ത് നഷ്ടപ്പെട്ടത്.
വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സ്‌പെഷല്‍ റിക്രൂട്‌മെന്റ് ഒഴിവിലേക്ക് ഞാന്‍ അപേക്ഷിച്ചിരുന്നു. പരീക്ഷയും കായികക്ഷമതയും പാസായി. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെ ഘട്ടത്തില്‍ ഉന്തിയ പല്ലെന്ന് കാരണം പറഞ്ഞ് എനിക്ക് ജോലി നിഷേധിച്ചു. പണമില്ലാത്തത് കൊണ്ടാണ് അത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാതിരുന്നതെന്നു മുത്തു പറയുന്നു. എന്നാൽ നോട്ടിഫിക്കേഷനിൽ തന്നെ ഇത്തരം വൈകല്യമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് പി എസ് സി  അധികൃതർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *