ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ചെറുതോണി ന്മ ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി കദളിക്കുന്നേല്‍ ലിസണെയാണ് (കുട്ടപ്പന്‍– 40) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് 354, 294–ബി, 341, എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റെന്നു ഇടുക്കി എസ്എച്ച്ഒ ബി.ജയന്‍ പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
ചെറുതോണിയിലെ സ്വകാര്യ ലാബിലെ ആംബുലന്‍സ് ഡ്രൈവറാണ് അറസ്റ്റിലായ കദളിക്കുന്നേല്‍ ലിസണ്‍. ഇതേ ലാബിലെ ജീവനക്കാരാണു പരാതിക്കാരായ യുവതികളും. ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു ശേഷം ലിസണോടൊപ്പം ആംബുലന്‍സില്‍ യുവതികളെ വീടുകളിലേക്കു ലാബ് അധികൃതര്‍ പറഞ്ഞുവിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചിരുന്ന ലിസണ്‍ 5 കിലോമീറ്റര്‍ അകലെ തടിയമ്പാടിനു സമീപം എത്തിയപ്പോള്‍ പിന്നില്‍ ഇരുന്ന യുവതിയെ വാഹനം ഓടിക്കുന്നതിനിടയില്‍ പിറകിലൂടെ കയ്യിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ചു.
ഇതോടെ ബഹളം വച്ച യുവതി വാഹനം നിര്‍ത്തിച്ച് അതില്‍ നിന്ന് ഇറങ്ങിയോടി. പിന്നാലെ എത്തിയ ലിസണ്‍ യുവതിയെ അനുനയിപ്പിച്ച് തിരികെ വാഹനത്തിലെത്തിച്ചു യാത്ര തുടര്‍ന്നു. പിന്നീട് കരിമ്പനു സമീപം ആളൊഴിഞ്ഞ വനപ്രദേശത്തു വാഹനം നിര്‍ത്തി ഇയാള്‍ പിന്നില്‍ കയറി യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ചു. യുവതികള്‍ ബഹളം കൂട്ടിയതോടെ ശ്രമം ഉപേക്ഷിച്ച് ഇയാള്‍ വീണ്ടും വാഹനം മുന്നോട്ടു കൊണ്ടുപോയി.
ചുരുളിയില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങിയ യുവതികള്‍ വഴിയരികില്‍ കാത്തുനിന്നിരുന്ന ഇവരില്‍ ഒരാളുടെ പിതാവിനോടു കാര്യങ്ങള്‍ പറഞ്ഞു. ഈ സമയം അവശനിലയിലായിരുന്ന യുവതികളെ പിതാവും നാട്ടുകാരും ചേര്‍ന്നു സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴിയെടുത്തു. തുടര്‍ന്നു പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എസ്‌ഐ മുഹമ്മദാലി മൊയ്തീന്‍, എസ്‌സിപിഒമാരായ എല്‍.എ.നജീബ്, ജീന്‍, സ്റ്റാന്‍ലി എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.