വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്

Spread the love

ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍, കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍, നീതി ആയോഗ്, കോവിഡ് സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

പരിശോധന, വാക്‌സിനേഷന്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം സ്വീകരിച്ച അഞ്ചുഘട്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളുടെ സാംപിളുകള്‍ ജനിതകശ്രേണീകരണം നടത്തണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് രൂപപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായാണ് സൂചന. മൂന്നുമാസത്തിനിടെ രാജ്യത്തെ 60 ശതമാനം പേരും കോവിഡ് രോഗബാധിതരാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ചൈനയ്ക്ക് പുറമെ, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *