വൈദ്യുതി തൂണില്‍ പരസ്യം പതിച്ചാലും എഴുതിയാലും ഇനി ക്രിമിനല്‍ കേസും പിഴയും

Spread the love

കൊച്ചി: വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസ് ഉറപ്പ്. ഇത്തരത്തില്‍ പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി.
പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.
ഇതു ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരില്‍നിന്ന് പിഴയും ഈടാക്കും. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫഌ്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
അപകടങ്ങള്‍വരെ ഉണ്ടാകാനുള്ള സാഹചര്യങ്ങളും ഇവ സൃഷ്ടിക്കുന്നു. ഇതുംകൂടി കണക്കിലെടുത്താണ് നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക വൈദ്യുതി തൂണുകളും പരസ്യങ്ങളാല്‍ നിറഞ്ഞുനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *