പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും ഇത് തുന്നിക്കെട്ടി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിക്ക് പ്രസവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ആശുപത്രി വിടാനായിട്ടില്ല. അതേസമയം, കുടുംബത്തിന്റെ ആരോപണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് നിഷേധിച്ചു.
ചമ്പക്കുളം നടുഭാഗം സ്വദേശിനിയായ ലക്ഷ്മിയുടെ സിസേറിയന്‍ ശസ്ത്രികയ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നത് കഴിഞ്ഞ മാസം 18 നാണ്. ആദ്യ പ്രസവമായിരുന്നു. നാലാം ദിവസം ഡിസ്ചാര്‍ജ് ആയി. എന്നാല്‍ പിറ്റേന്ന് രാവിലെ, തുന്നിക്കെട്ടിയ ഭാഗത്ത് നിന്ന് പഴുപ്പ് ഒലിക്കാന്‍ തുടങ്ങി. അന്ന് തന്നെ ആശുപത്രിയില്‍ തിരിച്ചെത്തി. പഞ്ഞിക്കെട്ട് വയറ്റിലുണ്ടെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല.പകരം പഴുപ്പിനും വേദനക്കും ചികിത്സ നല്‍കി.
ഈ മാസം ആറിന്, ചികിത്സാ പിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന വിവാദം തുടങ്ങിയ ദിവസം, ലക്ഷ്മിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ട് സ്റ്റിച്ച് മാത്രം ഇട്ടാല്‍ മതിയെന്നാണ് പറഞ്ഞതെങ്കിലും മുഴുവനും വീണ്ടും തുന്നിക്കെട്ടി. പിന്നീട് ഐസിയുവിലായിരുന്ന ലക്ഷ്മിയെ ഇന്നലെ രാവിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്.