മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ
മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ
പൊരുതിക്കളിച്ച അഫ്രിക്കൻ സിംഹക്കുട്ടികളെ മറികടന്ന ക്രൊയേഷ്യ ലോകകപ്പിലെ മൂന്നാമൻ. ലോകകപ്പ് ഫുട്ബോൾ ലൂസേഴ്സ് ഫൈനലിൽ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രൊയേഷ്യക്ക് മൂന്നാം സ്ഥാനക്കാരായി. പ്രതിരോധ താരം ഗ്വാർഡിയോള (7), മിസ്ലാവ് ഓർസിച്ച് (42) എന്നിവർ ക്രൊയേഷ്യക്കായി ഗോൾ നേടിയപ്പോൾ അഷറഫ് ദാരി (9) മൊറോക്കോയ്ക്കായി സ്കോർ ചെയ്തു.
തോറ്റുപോയവരുടെ തണുപ്പൻ പ്രകടനം പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ച് പച്ചപ്പുല്ലിന് തീപിടിപ്പിക്കുന്ന തീപാറുന്ന കളിയായിരുന്നു ഖലീഫ മൈതാനത്ത്. കളിയുടെ ഏഴാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ഗ്വാർഡിയോളയുടെ മിന്നും ഹെഡർ മൊറോക്കൻ ഗോൾക്കീപ്പറെ മറികടന്ന് വലയിൽ. ക്രൊയേഷ്യൻ ലീഡിന് രണ്ട് മിനിറ്റ് ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.
ഒൻപതാം മിനിറ്റിൽ ദാരിയിലൂടെ മൊറോക്കോ മറുപടി നൽകി. അഷറഫ് ദാരിയുടെ ഹെഡർ മൊറോക്കോയുടെ സമനില വീണ്ടെടുത്തു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ഓർസിച്ചിന്റെ കിടിലൻ ഷോട്ട് വളഞ്ഞ് മൊറോക്കൻ പോസ്റ്റിൽ.
രണ്ടാം പകുതിയിൽ സമനില പിടിക്കാൻ മൊറോക്കോ പറന്നുകളിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ അവസരം തുലയ്ക്കുന്നതും കണ്ടു. തോൽവിയിലും തല ഉയർത്തിപ്പിടിച്ചാണ് മൊറോക്കൻ സിംഹക്കുട്ടികൾ മടങ്ങുന്നത്. ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന ചരിത്രമാണ് ആഫ്രിക്കൻ കരുത്തർ രചിച്ചത്. പ്രവചനങ്ങളെയെല്ലാം അപ്രസക്തമാക്കിയ കുതിപ്പ്.