ബ്രിട്ടനില്‍ ചരിത്രത്തിലാദ്യമായി ഒരുലക്ഷത്തോളം നഴ്സുമാര്‍ പണിമുടക്കി
ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിന്റെ (എന്‍ എച്ച്എസ്) ചരിത്രത്തിലാദ്യമായി നഴ്‌സുമാര്‍ പണിമുടക്കി. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് യൂണിയന്റെ നേതൃത്വത്തില്‍ ഒരുലക്ഷത്തോളം നഴ്‌സുമാര്‍ പണിമുടക്കിയതോടെ 76 സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. കീമോതെറപ്പി, ഡയാലിസിസ്, ഇന്റന്‍സീവ് കെയര്‍ മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. 20നും പണിമുടക്കുമെന്ന് നഴ്‌സിങ് യൂണിയന്‍ അറിയിച്ചിട്ടുണ്ട്. എന്‍എച്ച്എസിന്റെ കീഴില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് ബ്രിട്ടനിലേത്.
ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്. നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെ ആയതിനാല്‍ ജീവിതച്ചെലവു വര്‍ധിച്ചുവെന്നും 19% ശമ്പളവര്‍ധന വേണമെന്നുമാണ് നഴ്‌സിങ് യൂണിയന്റെ ആവശ്യം. സ്വതന്ത്ര സമിതി നിശ്ചയിച്ച 4-–5 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ കൂടുതല്‍ വര്‍ധന വരുത്തിയാല്‍ മറ്റു സേവന മേഖലകളെ ബാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ പറയുന്നു. ശമ്പളക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് യൂണിയന്‍ ആരോപിക്കുന്നു. സ്‌കോട്!ലന്‍ഡിലെ നഴ്‌സിങ് യൂണിയനുമായി ചര്‍ച്ച നടത്തി പണിമുടക്ക് ഒഴിവാക്കിയിരുന്നു.
റെയില്‍, പോസ്റ്റല്‍, വ്യോമഗതാഗത സര്‍വീസുകളിലും ഈ മാസം പണിമുടക്ക് നടന്നിരുന്നു. ക്രിസ്മസ് കാലത്ത് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയുണ്ട്. നഴ്‌സുമാരുടെ പണിമുടക്കിനു മുന്‍പ് നടത്തിയ സര്‍വേയില്‍ ജനം നഴ്‌സുമാരെ പിന്തുണച്ചിരുന്നു. സേവനമേഖലകള്‍ ഒന്നൊന്നായി തടസ്സപ്പെടുമ്പോള്‍ ജനത്തിന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.