പോർച്ചുഗലും പുറത്ത്; സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ
ബ്രസീലിനു പിന്നാലെ പോർച്ചുഗലും പുറത്ത്; സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ
ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ സെമിയിൽ പ്രവേശിച്ചു. ഈ നേട്ടംകൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ.
റൊണോൾഡോയെ ബെഞ്ചിലിരുത്തി കളത്തിലിറങ്ങിയ പോർച്ചുഗലിനെ ഞെട്ടിച്ച് യൂസുഫ് എൻ നെസീരിയാണ് മൊറോക്കോയുടെ ഗോൾ നേടിയത്. സമനില പിടിക്കാനുള്ള തീവ്രശ്രമം പോർച്ചുഗൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ റൊണാൾഡോ കളത്തിലിറങ്ങിയെങ്കിലും മൊറോക്കോയുടെ പ്രതിരോധത്തിനു മുന്നിൽ പോർച്ചുഗൽ നിസ്സഹായരായി.
ഇഞ്ചുറി ടൈമിൽ മൊറോക്കോയുടെ വാലിദ് ചെഡ്ഡിര ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും വിജയം ആഫ്രിക്കൻ രാജ്യത്തിനൊപ്പം നിന്നു. ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റ് ക്വാർട്ടറിൽ പുറത്തായ ബ്രസീലിനു പിന്നാലെ സിആർ7ഉം സംഘവും ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താവുന്നതിന് അൽ തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.