മൊറോക്കോയ്ക്കു മുന്നില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ കഥ കഴിഞ്ഞു

Spread the love

ആഫ്രിക്കന്‍ ശൗര്യവുമായെത്തിയ മൊറോക്കോയ്ക്കു മുന്നില്‍ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ കഥ കഴിഞ്ഞു. 120 മിനിറ്റിലേക്കും തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട ത്രില്ലറിലായിരുന്നു മൊറോക്കോ സ്‌പെയിനിനു ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഷൂട്ടൗട്ടില്‍ 3-0നായിരുന്നു മൊറോക്കോയുടെ അവിശ്വസനീയ വിജയം. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത്.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ മൊറോക്കോ മൂന്നു കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ സ്‌പെയിന്‍ അവരുടെ മൂന്നു കിക്കുകളും പാഴാക്കി. രണ്ടു കിക്കുകള്‍ മൊറോക്കന്‍ ഗോളി ബ്ലോക്ക് ചെയ്തപ്പോള്‍ ഒന്നു പോസ്റ്റില്‍ ഇടിച്ചു തെറിക്കുകയായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍വല കുലുക്കാന്‍ കഴിയാതെ വന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. കളിയില്‍ ഇരുടീമുകളും വീറുറ്റ പോരാട്ടമായിരുന്നു നടത്തിയത്. ഗോവസരങ്ങള്‍ ഇരുടീമുകള്‍ക്കും കിട്ടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയില്ല.

പന്തിന്‍മേല്‍ ആധിപത്യം നേടി സ്‌പെയിന്‍

പ്രതീക്ഷിക്കപ്പെട്ടതു പോലെ കളിയുടെ തുടക്കത്തില്‍ തന്നെ പന്തിനുമേല്‍ സ്‌പെയിന്‍ ആധിപത്യം നേടിയെടുത്തു. പക്ഷെ മൊറോക്കോ കൃത്യമായ പ്ലാനിങോടെയായിരുന്നു എത്തിയത്. പന്ത് ലഭിക്കുമ്പോഴെല്ലാം ഹൈ പ്രെസിങ് ഗെയിമിലൂടെ സ്‌പെയിനിന്റെ താളം തെറ്റിക്കുകയായിരുന്നു അവരുടെ തന്ത്രം. അതു അവര്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

വിറപ്പിച്ച് മൊറോക്കോ

കളി തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മൊറോക്കോയെ അത്ര എളുപ്പം തോല്‍പ്പിക്കാനാവില്ലെന്നു സ്‌പെയിനിനു ബോധ്യമായി. അത്ര മാത്രം മികവുറ്റ കളിയായിരുന്നു മൊറോക്കോയുടെ ചെമ്പ്ട കാഴ്ചവച്ചത്.

12ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും മൊറോക്കോയ്ക്കു ലീഡ് നേടാന്‍ നല്ലൊരു അവസരം. എന്നാല്‍ ബോക്‌സിനു പുറത്തുനിന്നും ഹക്കീമിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തേക്കു പോവുകയായിരുന്നു.

പോരാട്ടം ഇഞ്ചോടിഞ്ച്

പിന്നീട് അങ്ങോട്ട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു സ്‌പെയിനും മൊറോക്കോയും കാഴ്ചവച്ചത്. സ്‌പെയിനിനേക്കള്‍ അപകടകരമായ നീക്കങ്ങള്‍ നടത്തിയത് മൊറോക്കോയായിരുന്നു. മറുഭാഗത്തു സ്‌പെയിന്‍ തങ്ങളുടെ സ്വതസിദ്ധമായ പാസിങ് ഗെയിം കളിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചില്ല. പലപ്പോഴും സ്‌പെയിനിന്റെ പാസുകള്‍ പകുതിയില്‍ മുറിച്ച മൊറോക്കോ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ വിറപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *