കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
കെ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ കെ റെയില്‍ പദ്ധതി തൽക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പദ്ധതിക്കെതിരായ വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സിയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഇത് പുതുക്കി നല്കാന് കെ റെയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമൂഹിക ആഘാത പഠനം ഇനി തുടരേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം നടപടികള്‍ തുടരാമെന്നാണ് നിര്‍ദേശം.
സാമൂഹിക ആഘാത പഠനത്തിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സാമൂഹിക ആഘാത പഠനം നടത്താനായി നിയോഗിച്ചിരുന്നത്. അതേസമയം പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കെ റെയിൽ വിരുദ്ധ സമരസമിതി സ്വാഗതം ചെയ്തു. സമരക്കാർക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.