പ്രിയാ വർഗീസിന് തിരിച്ചടി; കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര യോഗ്യതയില്ല: ഹൈക്കോടതി

Spread the love

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ നിയമനം നേടാൻ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി.. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.

അധ്യാപകർ രാഷ്ട്രനിർമാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തിന്റെ വാദമുഖങ്ങൾ കോടതി വിശദീകരിക്കുന്നു. ഹൈക്കോടതിയുടെ വിമർശനത്തിനെതിരെ പ്രിയാ വർഗീസ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതിനെ കോടതി വിമർശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നു കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓർക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എൻഎസ്എസിന്റെ (നാഷനൽ സർവീസ് സ്കീം) ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമൻചന്ദ്രൻ പറഞ്ഞു.

നാഷനൽ സർവീസ് സ്കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയിൽ സംഭവിച്ചത് കോടതിയിൽ തന്നെ നിൽക്കണമെന്നും കോടതി നിലപാടെടുത്തു. എന്നാൽ, കോടതിയുടെ പരാമർശം പ്രിയയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നു അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നതിനു മറുപടിയായാണ് ‘നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയ പോസ്റ്റിട്ടത്.

പ്രിയാ വർഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡപ്യൂട്ടേഷനിൽ പോയതും അധ്യാപനം ആകില്ലെന്നാണു ഹർജിയിലെ വാദം. എന്നാൽ, ഇതു രണ്ടും അധ്യാപന പരിചയത്തിൽ കണക്കാക്കാമെന്നും സ്റ്റുഡന്റ്സ് ഡയറക്ടർ ആയിരിക്കെ എൻഎസ്എസ് കോ ഓർഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകൻ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *