പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ല എന്ന് ഡല്‍ഹി ഹൈക്കോടതി
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ല എന്ന് ഡല്‍ഹി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.
2021 ജൂണ്‍ 30ന് 17കാരിയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍, കുട്ടിയ്ക്ക് ഇയാള്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. 2021 ഒക്ടോബര്‍ 27ന് കുട്ടി തന്റെ ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഒരുവരും പഞ്ചാബിലേക്ക് ഒളിച്ചോടി വിവാഹിതരായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് പരാതിപ്പെടുകയായിരുന്നു.
സ്വയേഷ്ടപ്രകാരമാണ് താന്‍ പ്രതി ചേര്‍ക്കപ്പെട്ടയാളെ വിവാഹം കഴിച്ചതെന്ന് കുട്ടി കോടതിയെ അറിയിച്ചു. അയാള്‍ക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് കാട്ടി കുട്ടി നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുട്ടി സ്വയം ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു പ്രണയബന്ധമാണ്. ഇവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തയാളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരിരക്ഷയില്ലെങ്കിലും പ്രണയത്തില്‍ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ജാമ്യം നല്‍കുമ്പോള്‍ പരിഗണിക്കുകയാണെന്നും കോടതി പറഞ്ഞു.