എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെത്തു.

Spread the love

ഗിനി: എക്വറ്റോറിയല്‍ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുന്‍ കപ്പലിന്റെ നിയന്ത്രണം നൈജീരിയന്‍ സൈന്യം ഏറ്റെത്തു. മലയാളികള്‍ അടക്കമുള്ള ജീവനക്കാരെ ഉടന്‍ കപ്പലില്‍ നൈജീരിയക്ക് കൊണ്ടുപോകും. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതര്‍ ആശയവിനിമയം പോലും നടത്താത്തില്‍ ജീവനക്കാര്‍ നിരാശരാണ്. ഹീറോയിക് ഇഡുന്‍ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പല്‍ മുന്നില്‍ സഞ്ചരിക്കുന്നുണ്ട്.
ക്യാപ്റ്റന്‍ സനു തോമസും കപ്പലിലെ ചീഫ് എഞ്ചിനീയറും കപ്പലിലാണുള്ളത്. ഇവരെ കൂടാതെ നൈജീരിയന്‍ നാവികസൈനികരും കപ്പലിന് അകത്തുണ്ട്. കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എഞ്ചിന്‍ തകരാര്‍ പരിഹരിക്കപ്പെട്ടതോട കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടു പോകാന്‍ സാധിച്ചു. കപ്പലിന്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയന്‍ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്. മലയാളികളായ വിജിത്തും മില്‍ട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്.
എക്വറ്റോറിയല്‍ ഗിനിയില്‍ തടവിലായ പതിമൂന്ന് നാവികരെയാണ് ലൂബ തുറമുഖത്തുള്ള നൈജീരിയയുടെ യുദ്ധകപ്പലിലേക്ക് മാറ്റിയത്. മലയാളികളായ വിജിത്ത് , മില്‍ട്ടന്‍, കപ്പല്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെയാണ് നൈജീരിയയുടെ കപ്പലിലേക്ക് മാറ്റിയത്. അന്വേഷണസംഘവും ഇന്ത്യന്‍ എംബസി അധികൃതരും വന്ന ശേഷം കപ്പലില്‍ കയറിയാല്‍ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് നിര്‍ദേശിച്ചത്. പിന്നീട് നൈജീരിയന്‍ സൈനികര്‍ക്കൊപ്പം ഇന്ത്യന്‍ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു.
എന്നാല്‍, നാവികര്‍ ഇനിയും നൈജീരിയയില്‍ എത്തിയിട്ടില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട് . കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയില്‍ എത്തിയിട്ടുണ്ട്. നൈജീരിയന്‍ അംബാസഡര്‍ കപ്പലില്‍ എത്തുന്നുണ്ടെന്നും സൂചനയുണ്ട്.
നൈജീരിയന്‍ നാവിക സേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക.
ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയില്ല. ജീവനക്കാരെ സന്ദര്‍ശിക്കാനുള്ള അനുമതി ഇനിയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയന്‍ അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *