ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്.
ഷിംല: ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 8 മുതൽ വൈകിട്ട് അഞ്ചര വരെയാണ് 68 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുക. 55,92,828 വോട്ടർമാർ 7,881 പോളിംഗ് ബൂത്തുകളിലെത്തി വിധിയെഴുതും. കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്.
തുടർ ഭരണം നേടാമെന്ന് പ്രതീക്ഷിയിലാണ് ബിജെപിയെങ്കിൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാര തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ത്രികോണ പോരിന് കളമൊരുക്കി ആംആദ്മി പാർട്ടിയും രംഗത്തുണ്ട്. 68 നിയമസഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിൽ ശക്തമായ പോരാട്ടമാണ്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലിൽ ദേശീയ നേതാക്കളെ ഇറക്കിയായിരുന്നു പാർട്ടിയുടെ പ്രചാരണം. സംസ്ഥാനത്തെ വിഷയങ്ങൾക്കു പുറമേ, ഏക വ്യക്തി നിയമം കൂടി ഉയർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. അതേസമയം അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് കോൺഗ്രസ് കാണിച്ചത്. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തലുള്ള കോൺഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്.