നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിൻറെ സാധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ.
നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കുന്നതിൻറെ സാധ്യതകൾ സജീവമായി പരിഗണിച്ച് സർക്കാർ. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടുന്നതോടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകും.
ഡിസംബർ 15 ന് സഭ താൽക്കാലികമായി പിരിഞ്ഞ് ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് നീക്കം. അപ്പോഴും അടുത്ത സഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങേണ്ടി വരും.1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബർ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
14 സർവ്വകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ഓർഡിനൻസ് ഇനിയും രാജ് ഭവനിലേക്ക് സർക്കാർ അയച്ചിട്ടില്ല. ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.