സിസാ തോമസിനെതിരേ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലാ വി.സി.യായി ഗവര്‍ണര്‍ നിയമിച്ച ഡോ. സിസാ തോമസിനെതിരേ അച്ചടക്കനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോ. ഡയറക്ടറായ സിസാ തോമസ്, 2021-22 വര്‍ഷത്തെ എം.ടെക്. പ്രവേശന നടപടികളില്‍ വീഴ്ച വരുത്തിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരിലാണ് നീക്കം.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. വി.സി.യായി ചുമതലയേറ്റതിനു സിസാ സര്‍ക്കാരിന്റെ മുന്‍കൂര്‍അനുമതി തേടിയില്ലെന്ന നീരസം നിലനില്‍ക്കേയാണ് നീക്കം.
എം.ടെക്. പ്രവേശത്തിനു 1445ാം റാങ്കുള്ള പട്ടികവിഭാഗം വിദ്യാര്‍ഥിനിക്ക് പ്രവേശനം നിഷേധിച്ചെന്നും 2351ാം റാങ്കുകാരിക്ക് സീറ്റു ലഭിച്ചെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥസംഘടനയായ കെ.ജി.ഒ.എ. മന്ത്രിക്കു പരാതിനല്‍കിയിരുന്നു. പ്രവേശന നടപടികളിലെ അപാകം ചൂണ്ടിക്കാട്ടി വി. വിപിന്‍ എന്നൊരാള്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കി.
എം.ടെക്. പ്രവേശനത്തിന്റെ പൂര്‍ണചുമതലയുള്ള സീനിയര്‍ ജോ.ഡയറക്ടര്‍, സിസ്റ്റം അനലിസ്റ്റ് എന്നിവര്‍ വീഴ്ചവരുത്തിയെന്നും ചുമതലകളില്‍നിന്നു നീക്കണമെന്നുമാണ് സമിതിയുടെ ശുപാര്‍ശ.
കണ്ടെത്തലുകള്‍ ഇങ്ങനെ:-
ഫീസടയ്ക്കാന്‍ ഒക്ടോബര്‍ 21 വരെ സമയം തീരുമാനിച്ചു. പിന്നീട്, 23 വരെ നീട്ടി. എന്നാല്‍, നീട്ടിയതിന് വേണ്ടത്ര പ്രചാരംനല്‍കിയില്ല. കേന്ദ്രീകൃത അലോട്‌മെന്റ് പ്രക്രിയ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ചില്ല. ഒക്ടോബര്‍ 25നു ഫീസടച്ചവര്‍ക്കും പ്രവേശനം നല്‍കി. 23ന് അര്‍ധരാത്രി ഫീസടയ്ക്കാനുള്ള ലിങ്ക് ഡിസേബിള്‍ ചെയ്യാന്‍ ജാഗ്രത കാണിച്ചില്ല. ഒക്ടോബര്‍ 23നു ഫീസടച്ച പലരും ഒഴിവാക്കപ്പെട്ടു.
എം.ടെക്. പ്രവേശന നടപടികള്‍ സുഗമമായി നടത്തുന്നതില്‍ പരാജയപ്പെട്ടു. പ്രവേശന നടപടികളുടെ ചുമതല വരുംവര്‍ഷങ്ങളില്‍ പ്രവേശനപരീക്ഷാ കമ്മിഷണറെയോ സാങ്കേതിക സര്‍വകലാശാലയെയോ ഏല്‍പ്പിക്കണം എന്നിങ്ങനെയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
എം.ടെക്. പ്രവേശനത്തില്‍ ഞാനൊരു തെറ്റുംചെയ്തിട്ടില്ലെന്നു ഡോ. സിസാ തോമസ്
. നിശ്ചിതസമയത്തു ഫീസടയ്ക്കാതിരുന്ന വിദ്യാര്‍ഥിക്ക് സ്‌പോട്ട് അഡ്മിഷന്‍ നല്‍കുന്നതു നോക്കാമെന്നു പറഞ്ഞിരുന്നു. എന്നാല്‍, അഡ്മിഷനിടെ ഉടനടി പ്രവേശിപ്പിക്കണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം. അതു സാധ്യമായിരുന്നില്ല. ഇക്കാര്യം ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. വേണ്ടപ്പെട്ട ആരെയും ഞാന്‍ തിരുകിക്കയറ്റിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും എനിക്കു നല്‍കിയില്ല. ഈ വര്‍ഷത്തെ പ്രവേശനച്ചുമതല ഏല്‍പ്പിച്ചതും എന്നെയായിരുന്നുവെന്നും അവര്‍ പറയുന്നു.