ബിജു പ്രഭാകറിനെ കെഎസ്ആർടിസി തലപ്പത്ത് നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രൻ.

Spread the love

കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്ന് കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇത് എൽഡിഎഫിന്റെ നയമല്ല. ബിജു പ്രഭാകർ പൊതുവേദിയിൽ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്. ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന വിഷയത്തിലും കാനം രാജേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സർവകലാശാലകളിൽ കോൺഗ്രസ് ഭരണ കാലത്ത് സ്തുതിപാഠകരെ ആയിരുന്നോ നിയമിച്ചതെന്ന ചോദ്യമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കാനം ചോദിച്ചത്. ആ അറിവ് വെച്ചാണ് കെ സുധാകരൻ സംസാരിക്കുന്നത്. ഇടത് സർക്കാരിന്റെ കാലത്ത് യോഗ്യത നോക്കിയാണ് വിസിമാരെ നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *