ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കല്‍; ഓര്‍ഡിനന്‍സ് ഒഴിവാക്കി ബില്ലിന് ആലോചന.
തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍പദവി ഗവര്‍ണറില്‍നിന്ന് മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്ക് അയക്കുന്നതില്‍ സര്‍ക്കാരില്‍ ആശയക്കുഴപ്പം. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചാല്‍ അനുമതി അനിശ്ചിതത്വത്തിലാകുമെന്നാണ് ആശങ്ക. ഓര്‍ഡിനന്‍സിനു പകരം, ബില്ലായി നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് ആലോചന.
ഓര്‍ഡിനന്‍സ് തന്നെമാത്രം ലക്ഷ്യംവെച്ചാണെങ്കില്‍ തീരുമാനം രാഷ്ട്രപതിക്ക് വിടുമെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാഷ്ട്രപതിക്ക് വിട്ടാല്‍ തീരുമാനം വൈകും. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ നിയമസഭയില്‍ ബില്ലുകൊണ്ടുവരാനും കഴിയില്ല. മന്ത്രിസഭായോഗം തീരുമാനിച്ച് മൂന്നുദിവസമായിട്ടും ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല. എന്നാല്‍, ഓര്‍ഡിനന്‍സില്‍നിന്ന് പിന്മാറുകയാണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നടക്കം വിശദീകരിക്കുന്നത്.
ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിനുമുമ്പ് നിയമവിദഗ്ധരുമായടക്കം സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിരുന്നു. ചാന്‍സലര്‍പദവി മാറ്റുന്ന ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കാന്‍ കഴിയില്ലെന്നായിരുന്നു ലഭിച്ച വിദഗ്ധാഭിപ്രായം. കേന്ദ്രനിയമങ്ങളെയോ, ഭരണഘടനാ വ്യവസ്ഥകളെയോ മറികടക്കുന്ന കാര്യങ്ങളൊന്നും ഓര്‍ഡിനന്‍സിലില്ല.
സംസ്ഥാനനിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളിലാണ് മാറ്റമെന്നുള്ളതുകൊണ്ട്, ഇത് പൂര്‍ണമായും സംസ്ഥാന വിഷയമാണ്. ഇക്കാര്യങ്ങളാണ് രാഷ്ട്രപതിക്ക് അയക്കാനാകില്ലെന്നതിന് കാരണമായി പറയുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച് നിയമപ്രശ്നങ്ങളിലേക്കു പോയാലും തീരുമാനം വൈകും. ഇതാണ് സര്‍ക്കാരിനെ കുഴക്കുന്നത്.
ഇടതുമുന്നണി തീരുമാനിച്ച രാജ്ഭവന് മാര്‍ച്ചിനു മുമ്പായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗവര്‍ണര്‍ക്കെതിരേയുള്ള ശക്തമായ നടപടിയെന്നനിലയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഒപ്പിടാനിടയില്ലെന്ന വിലയിരുത്തല്‍ നേരത്തേ സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രപതിക്ക് അയക്കുമെന്ന നിലപാട് സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല.
സര്‍ക്കാരിന്റെ നീക്കത്തെ തത്കാലം മരവിപ്പിച്ചുനിര്ത്തുകയെന്ന സമര്ദരീതിയാണ് ഗവര്‍ണറുടെ നീക്കത്തിനുപിന്നില്‍. ഇതിനെ മറികടക്കാനാണ് ഓര്‍ഡിനന്‍സിനു പകരം ബില്ലാകാമെന്ന ആലോചനയിലേക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.