പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

Spread the love

ന്യൂഡല്‍ഹി: പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് 1.2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മുംബൈയിലെ വാസയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച സംഭവം നടന്നത്.
ഏറെ നാളായി വയറ് വേദനയും ഛര്‍ദിയും, ദഹനപ്രശ്‌നങ്ങളും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നു. എന്ത് ഭക്ഷണം കഴിച്ചാലും അപ്പോള്‍ തന്നെ ഛര്‍ദിക്കുന്ന അവസ്ഥയായിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കുന്നില്ലായിരുന്നു. പ്രൈവറ്റ് ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സകള്‍ ഫലിക്കാതെ വന്നതോടെ കുട്ടിയെ സോണോഗ്രഫിക്ക് വിധേയയാക്കി. പരിശോധനയില്‍ ദഹനനാളത്തില്‍ മുടി അടിഞ്ഞുകിടക്കുന്നതായാണ് കണ്ടെത്തിയത്.
മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ എട്ട് വര്‍ഷത്തോളമായി മകള്‍ക്ക് മുടിയും നഖവും കടിക്കുന്ന ശീലമുണ്ടെന്ന് അറിയാന്‍ സാധിച്ചു. തുടര്‍ന്നാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. 32 ഇഞ്ച് റഗ്ബി ബോളിന്റെ വലുപ്പത്തില്‍ അടിഞ്ഞുകിടന്ന മുടി വയറില്‍ നിന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
റാപന്‍സല്‍ സിന്‍ഡ്രോം എന്ന ഒരു രോഗാവസ്ഥയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. മുടി തലയോട്ടിയില്‍ നിന്ന് പറിച്ചെടുക്കാനുള്ള പ്രേരണയാണ് ഈ രോഗാവസ്ഥയില്‍ എത്തിക്കുന്നത്. മുടി കഴിക്കുന്നത് കുടലില്‍ തങ്ങിക്കിടക്കുകയും അത് മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നു.
2017 ല്‍, ഇംഗ്ലണ്ടില്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വയറിലും ഇതുപോലെ ഹെയര്‍ ബോള്‍ കണ്ടെത്തിയിരുന്നു. അണുബാധയേറ്റ് ആ കുട്ടി മരിക്കുകയുമുണ്ടായി. എന്നാല്‍ ഓരോരുത്തരെയും ഓരോ തരത്തിലാണ് ഈ അവസ്ഥ ബാധിക്കുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *