ഗിനിയില്‍ തടവിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല.
ന്യൂഡല്‍ഹി: ഗിനിയില്‍ തടവിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും തിരികെ മലാബോയിലെത്തിച്ചു. നയതന്ത്ര തലത്തിലെ ഇടപെടലിലൂടെയാണ് നാവികരെ നൈജീരിയയ്ക്കു കൈമാറുന്നത് തടഞ്ഞത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ തടവില്‍ ആക്കിയിരിക്കുന്നത്. നോര്‍വെ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പിലിലെ ജീവനക്കാരാണ് ഇവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരം ഇവരെ ഗിനി നാവികസേന കപ്പല്‍ വളഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കപ്പല്‍ കമ്പനി പിഴ അടച്ചിട്ടും ഇവരെ മോചിപ്പിച്ചില്ല. എല്ലാവരെയും നൈജീരിയയ്ക്കു കൈമാറാനായിരുന്നു നീക്കം. കൊല്ലത്ത് സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് മരിച്ച വിസ്മയയുടെ സഹോദരന് വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്. കപ്പലിന്റെ ഫസ്റ്റ് ഓഫിസര്‍ സനു ജോസ്, കൊച്ചി സ്വദേശി മില്ട്ടന് എന്നിവരാണ് മറ്റു മലയാളികള്‍.