ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി.
കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കെ സുധാകരന്റേത് ബിജെപിയിലേക്ക് പോകുന്നതിന് മുമ്പുള്ള പ്രഖ്യാപനമാണെന്നാണ് ശിവൻകുട്ടിയുടെ വിമര്‍ശനം. കെപിസിസി പ്രസിഡന്റ് മഹാത്മാ ഗാന്ധിയുടെ അനുഭവം മനസിലാക്കിയിരിക്കണമെന്നും രാജ്യത്താകെ ആർഎസ്എസും ബിജെപിയും ചെയ്യുന്നത് അറിയാത്ത ആളല്ല സുധാകരൻ എന്നും ശിവന്‍കുട്ടി പറഞ്ഞു. സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനുള്ള ആദ്യ പടിയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആർഎസ്എസുമായി ബന്ധപ്പെട്ട് തന്‍റെ മുൻ പ്രസ്താവന കെ സുധാകരൻ ആവർത്തിച്ചത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്. മാത്രമല്ല, തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.