ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഭരണസമിതി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു. ശിശുക്ഷേമസമിതി അംഗം കൂടിയായ ആര്‍ എസ് ശശികുമാറാണ് തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിപിഎം അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ പാകത്തിലായിരുന്നു ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറക്കിയതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. എല്ലാ അംഗങ്ങള്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും പത്രികാസമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞ ശേഷമാണ് വിവരങ്ങള്‍ ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഇതേതുടര്‍ന്ന്
ക്രമവിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
സംസ്്ഥാന ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് വി ജി അരുണ്‍ ഉത്തരവിടുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഷിജു ഖാനാണ് നിലവില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി. ഭരണസമിതി അംഗങ്ങളെയെല്ലാം എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്