കോയമ്പത്തൂര്‍ സ്ഫോടനം; ജമേഷ മുബിന് മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കോയമ്പത്തൂര്‍: കാര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ജമേഷ മുബിന് മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടനത്തിന്റെ പ്രഹരശേഷി കൂട്ടാന്‍ ജമേഷ മുബിന് സ്ഫോടക വസ്തുക്കളോടൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു.
നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞ!ു കയറിയ ആണികളൊന്നാണ് ഹൃദയത്തില്‍ തറച്ചത്. ഒട്ടേറെ ആണികള്‍ ശരീരത്തില്‍ തുളഞ്ഞുകയറിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
സ്ഫോടനത്തില്‍ ജമേഷ മുബിന് ദേഹത്തൊട്ടാകെ കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല. 23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വന്‍ സ്ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കിടന്നിരുന്നത്.
അതിനിടെ കാര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ആറു പേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.