കത്ത് വിവാദത്തില്‍ തുടരന്വേഷണത്തിന് കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും.
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുക്കേണ്ടി വരും. കേസെടുക്കണമെന്ന് ക്രൈം ബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും
വിവാദ വിഷയത്തില്‍ മേയര്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല . നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കാത്തത്. പരാതി നല്‍കിയാല്‍ സംശയമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരും. ഓഫിസിലെ കംപ്യൂട്ടറും പ്രധാനപ്പെട്ട ആളുകളുടെ ഫോണുകളും അടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും. ഇതിനിടെ ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി എടുത്തപ്പോള്‍ അട്ടിമറി സാധ്യതയെന്ന മൊഴി ലഭിച്ചത്
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍,സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീട് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോര്‍പ്പറേഷനിലേക്ക് ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും. രാവിലെ 11ന് മഹിളാ മോര്‍ച്ചാ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.