സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം; സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസാ തോമസിന് നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ചുമതലനല്‍കിയത് നിയമപരമല്ലെന്നും അതിനാല്‍ റദ്ദാക്കി മറ്റേതെങ്കിലും സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കോ, പ്രൊ. വൈസ് ചാന്‍സലര്‍ക്കോ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതലനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ഒന്നാം പ്രതിയാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്.
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ ചാന്‍സലര്‍ എതിര്‍കക്ഷിയായി വരാറുണ്ടെങ്കിലും സര്‍ക്കാര്‍ ചാന്‍സലറെ എതിര്‍കക്ഷിയായി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്.
വി.സി. ആയിരുന്ന ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് പുറത്താക്കിയാണ് ഡോ. സിസയ്ക്ക് ചാന്‍സലര്‍ ചുമതലനല്‍കിയത്.
വി.സി.യുടെ ഒഴിവുണ്ടായാല്‍ മറ്റേതെങ്കിലും സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ക്കോ പ്രൊ വൈസ് ചാന്‍സലര്‍ക്കോ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതലനല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. സിസാ തോമസ് ഇത്തരം സ്ഥാനങ്ങളൊന്നും വഹിക്കുന്നയാളല്ല. സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തില്‍ ചാന്‍സലര്‍ക്ക് തീരുമാനമെടുക്കാനാകൂ. ചാന്‍സലര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു. താത്കാലികമായ ചുമതല ആറുമാസത്തേക്കേ നല്‍കാനാകൂ. ഇവിടെ ഇനിയൊരു ഉത്തരവുണ്ടാകുംവരെ എന്നാണ് പറയുന്നത്. ഡോ. സിസാ തോമസിന് വൈസ് ചാന്‍സലറുടെ ചുമതല നല്‍കിയത് സ്റ്റേചെയ്യണമെന്നാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം.