നിയമഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം.

Spread the love

തിരുവനന്തപുരം: വിമര്‍ശനങ്ങളെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്ന പോലീസ് നിയമഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. ഇതിനായി ഇന്ത്യന്‍ പീനല്‍ കോഡ് നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ തയ്യാറാക്കി. നേരത്തേ പിന്‍വലിച്ച അതേ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുമുള്ളത്.
ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാകുമെന്നാണ് പുതിയ വ്യവസ്ഥ. ഐ.പി.സി. 292ാം വകുപ്പ് ഭേദഗതിചെയ്ത് 292 എ എന്ന വകുപ്പായാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. രണ്ടുവര്‍ഷംമുമ്പ് പോലീസ് നിയമത്തിലെ 118 എ വകുപ്പായി സൈബര്‍ ആക്രമണങ്ങള്‍ തടയാനെന്നപേരിലാണ് ഇതുകൊണ്ടുവന്നത്. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്കെതിരേയും ഈ നിയമം പ്രയോഗിക്കാമെന്ന വിമശനം ഉയര്‍ന്നതിനെതുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവന്ന നിയമം മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു പിന്‍വലിക്കേണ്ടിവന്ന അപൂര്‍വതയും അന്നുണ്ടായി.
നിയമവകുപ്പ് തയാറാക്കിയ ബില്ലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. കുറ്റകൃത്യം സംബന്ധിച്ച വിഷയം സമാവര്‍ത്തി പട്ടികയിലായതിനാല്‍ സംസ്ഥാനത്തിന് നിയമനിര്‍മാണം നടത്താമെന്നാണ് നിയമവകുപ്പിന്റെ ശുപാര്‍ശ. ബില്ലിലെ വ്യവസ്ഥകള്‍ ഐ.പി.സി.ക്കും കോഡ് ഓഫ് ക്രിമിനല്‍ പ്രോസീജറിനും വിരുദ്ധമാകുമെന്നതിനാല്‍ ബില്‍ സഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും നിയമവകുപ്പ് ശുപാര്‍ശചെയ്തു.
2000ലെ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും 2011ലെ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നുകണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കാനാണ് പോലീസ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ ശ്രമിച്ചത്.
അശ്ലീലവും അപമാനകരവുമായതോ, ബ്ലാക്‌മെയില്‍ ചെയ്യാനുള്ളതോ ആയ ഉള്ളടക്കമോ, ചിത്രമോ ഏതെങ്കിലും ദിനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കുലര്‍ എന്നിവയില്‍ അച്ചടിക്കുകയോ, അച്ചടിക്കാന്‍ ഉദ്ദേശിച്ച് തയാറാക്കുകയോ പൊതുജനങ്ങള്‍ക്ക് കാണുംവിധം പ്രദര്‍ശിപ്പിക്കുകയോ, വിതരണം നടത്തുകയോ ചെയ്യുന്നത് 292 എ വകുപ്പുപ്രകാരം കുറ്റകരമാണെന്നാണ് നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതി. സാമൂഹികമാധ്യങ്ങളും ഈ നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തരം ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റംചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, അവയ്ക്ക് പരസ്യംനല്‍കുക എന്നിവയും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ടുവര്‍ഷം തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പിഴയും രണ്ടുംകൂടിയോ ലഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *