നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും പ്രധാന ഓഹരി ഉടമകളായിട്ടുള്ള ‘യങ് ഇന്ത്യ’യില്‍ നാല്- അഞ്ച് കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ ഇഡി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ യങ് ഇന്ത്യയുടെ ഡയറക്ടര്‍മാരായ സോണിയ, രാഹുല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന് ബന്‍സല്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും ഇഡി വിളിച്ചു വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കടലാസ് കമ്പനികളിലൂടെ ഈ പണം കൈമാറിയെന്നും ഇത്തരം കമ്പനികളുടെ ഡയറക്ടര്‍മാരെയും ഓഹരി ഉടമകളെയും ഇഡി ചോദ്യം ചെയ്തതായും സൂചനകളുണ്ട്.
ഡയറക്ടര്‍മാരും ഓഹരി ഉടമകളും നിര്‍ണായക മൊഴികള്‍ നല്‍കിയതയാണ് വിവരം. സംശയാസ്പദമായ ഈ ഇടപാടുകളുടെ തെളിവുകള്‍ സഹിതമായിരിക്കും സോണിയ, രാഹുല്‍ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജവാഹര്‍ലാല്‍ നെഹ്റു തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തിപ്പുകാരായ എജെഎല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ഏറ്റെടുത്ത കമ്പനിയാണ് യങ് ഇന്ത്യ. കടം കയറിയ നാഷണല്‍ ഹെറാള്‍ഡിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് 90 കോടി നല്‍കിയെങ്കിലും 2008ല്‍ പൂട്ടേണ്ടി വന്നു. 2010ല്‍ എജെഎല്‍ കമ്പനിയെ യങ് ഇന്ത്യ ഏറ്റെടുത്തു. സോണിയക്കും രാഹുലിനും 76 ശതമാനം ഓഹരിയാണ് ഇതിലുള്ളത്.