വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സി.ബി.ഐ. മറുപടി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി.
കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ സി.ബി.ഐ. മറുപടി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. കസ്റ്റംസില്‍നിന്ന് വിരമിച്ച എസ്. രാജീവ് കുമാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.
വിവരാവകാശനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിലാണ് സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ വരുന്നതെന്നും അതിനാല്‍ മറുപടി നല്‍കേണ്ടതില്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണത്തെയോ കോടതി നടപടികളെയോ ബാധിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ചൂണ്ടിക്കാട്ടിയതും കോടതി കണക്കിലെടുത്തു.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന ഹര്ജിക്കാരന് 2017 മേയ് 31ന് സര്‍വീസില്‍നിന്ന് വിരമിച്ചു. 2012ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലിചെയ്യുമ്പോള്‍ ശരിയായവിധം ബാഗേജുകള്‍ പരിശോധിക്കാത്തതിന് സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയായിരുന്നു. ഈ കേസ് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കേസില്‍ മറ്റു കസ്റ്റംസ് ഓഫീസര്‍മാര്‍ക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാല്‍, സി.ബി.ഐ.യിലെ ഒരു ഓഫീസര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് ആരോപണവിധേയരായ രണ്ട് ഓഫീസര്‍മാരെ ഒഴിവാക്കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹര്ജിക്കാരന് സി.ബി.ഐ. ഡയറക്ടര്‍ക്ക് അപേക്ഷ നല്കി. അന്വേഷണ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയാണ് സി.ബി.ഐ. നിഷേധിച്ചത്.