തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം- – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം- – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. നിയമനക്കത്തുമായി ബന്ധപ്പെട്ട ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇപ്പോഴും കോര്‍പ്പറേഷനില്‍ സംഘര്‍ഷം തുടരുകയാണ്.
മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോര്‍ച്ചയ്ക്ക് പിന്തുണയായി കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവര്‍ തിരികെ കയറാന്‍ ശ്രമിക്കുമ്പോള്‍ ഈ വാതില്‍ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ് സലീമിനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഇരു വിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണ്.
ഇതിനിടെ ഒരു ബിജെപി കൗണ്‍സിലര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ പുറത്തെത്തിച്ചു. പുറത്ത് പൂട്ടിയിട്ട ബിജെപി കൗണ്‍സിലര്‍മാരെ പൂട്ടുപൊളിച്ച് അകത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.