കത്തു തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍.
താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തു തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. സിപിഎം നേതൃത്വത്തിന് നല്‍കിയ വിശദീകരണത്തിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ പ്രചരിക്കുന്ന കത്ത് തയ്യാറാക്കിയത് താനല്ല, എങ്ങനെ ഇത്തരത്തിലൊരു കത്ത് തയ്യാറാക്കി എന്നതുസംബന്ധിച്ച് അന്വേഷണം വേണം. നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമായി സംസാരിച്ചപ്പോഴാണ് മേയര്‍ വിശദീകരണം നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയതിനു ശേഷം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളുമായി സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും മേയര്‍ പരാതി നല്‍കുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
അതിനിടെ, എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് സിപിഎം ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ചോദിച്ച് കത്തയച്ചത് താനല്ലെന്ന് ഡി ആര്‍ അനിലും വ്യക്തമാക്കി.കോര്‍പ്പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിആര്‍ അനിലിന്റെ പേരിലാണ് ഈ കത്ത് പുറത്തു വന്നത്.