മേയർ ആര്യാ രാജേന്ദ്രൻ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് വി ഡി സതീശൻ.
തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകളിലേക്ക് പാർട്ടിക്കാരുടെ പട്ടിക ചോദിക്കുന്ന മേയറുടെ കത്തിൽ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. മേയർ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
സിപിഎം അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനക്കളിൽ മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനകളിലും താൽക്കാലിക ജീവനക്കാർ എന്ന പേരിൽ താൽക്കാലിക നിയമനം നടക്കുകയാണ്. പി എസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. പകരം പാർട്ടിക്കാരെ നിയമിച്ച് 10 വർഷം കഴിയുമ്പോൾ, അവരെ സ്ഥിരപ്പെടുത്തും. പാർട്ടി സെക്രട്ടറിമാർ നൽകുന്ന ലിസ്റ്റിലാണ് നിയമനങ്ങൾ നടക്കുന്നത്. ഇത് തിരുവനന്തപുരം മേയറുടെ കത്ത് പുറത്ത് വന്നതോടെ വ്യക്തമായി. പെൻഷൻ പ്രായം ഏകീകരിക്കാനുള്ള ഉത്തരവിൽ എതിർപ്പുണ്ടായപ്പോൾ സിപിഎം പരസ്പരം കൈകഴുകുന്നുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
യൂണിവേഴ്‌സിറ്റി അധ്യാപക നിയമനം സിപിഎം നേതാക്കളുടെ ബന്ധുക്കളുൾക്കും വേണ്ടി നീക്കി വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.