വധശ്രമത്തെ അതിജീവിച്ചതിന് പിന്നാലെ ആശുപത്രിക്കിടക്കയില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് ഇമ്രാന് ഖാന്.
ലാഹോര്‍: വധശ്രമത്തെ അതിജീവിച്ചതിന് പിന്നാലെ ആശുപത്രിക്കിടക്കയില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പാകിസ്താന് മുന്‍പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന് ഖാന്.
വധഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ആഭ്യന്തരമന്ത്രി റാണാ സനാവുള്ള, ആര്‍മി മേജര്‍ ജനറല്‍ ഫൈസല്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കു നേരെ ആക്രമണം ഉണ്ടാകുമെന്ന് ഒരുദിവസം മുന്‍പേ തന്നെ അറിഞ്ഞിരുന്നു. സാധാരണക്കാരുടെ ഇടയില്‍നിന്ന് വരുന്നയാളാണ് താന്‍. സൈന്യത്തിന്റെ സംവിധാനത്തിന്റെ കീഴിലല്ല എന്റെ പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടിട്ടുള്ളത്. 22 കൊല്ലം ഞാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്, ലാഹോറിലെ ഷൗക്കത്ത് ഖാനും ആശുപത്രിയില്‍നിന്ന് പാകിസ്താനെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാന് പറഞ്ഞു.
‘എന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് നാലുപേര്‍ ചേര്‍ന്നാണ്. എന്റെ കൈവശം ഒരു വീഡിയോ ഉണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആ വീഡിയോ പുറത്തെത്തും’, ഇമ്രാന് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ തന്റെ ശരീരത്തില്‍ നാലു വെടിയുണ്ടകളേറ്റുവെന്നും ഇമ്രാന് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം വസീറാബാദില്‍ പ്രതിഷേധറാലിയ്ക്കിടെയാണ് ഇമ്രാനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ഇമ്രാന് നേരെ വെടിവെപ്പുണ്ടായതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇമ്രാന് എതിരെയുണ്ടായ വധശ്രമത്തില്‍ പങ്കില്ലെന്നും സംഭവത്തില്‍ നീതിപൂര്‍വമായി അന്വേഷണം നടത്തുമെന്നും പാകിസ്താന് സര്‍ക്കാര്‍ അറിയിച്ചു.