മേയർ ആര്യാ രാജേന്ദ്രൻ അയച്ചുവെന്ന് പറയുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ അയച്ചുവെന്ന് പറയുന്ന കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മേയറുടെ അഭിപ്രായം അറിയട്ടെ. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല. കത്ത് വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും കത്ത് വ്യാജമെങ്കിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമങ്ങളിൽ വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കും. ലെറ്റർ പാഡ് ഒറിജിനൽ ആണോയെന്ന് അറിയില്ല. മേയറുമായി ഇതുവരെ സംസാരിക്കാനായില്ല. മേയറാണ് ഇതേക്കുറിച്ച് പറയേണ്ടത്. മേയറെ വിളിച്ചെങ്കിലും കിട്ടിയില്ല’ ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് അയച്ചിട്ടില്ലെന്നായിരുന്നു ആര്യാ രാജേന്ദ്രന്റെ പ്രതികരണം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.