ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം; നിയമസഹായം നൽകുമെന്ന് വീണാ ജോർജ്.
തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടിത്തെറിപ്പിച്ച സംഭവം ക്രൂരവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിത-ശിശുവികസന വകുപ്പ് നൽകുമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
‘രാജസ്ഥാൻ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചുനിൽക്കുന്ന കുഞ്ഞിനെയാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഉപജീവനത്തിന് മാർഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സർക്കാർ അവർക്കൊപ്പം നിൽക്കും’, വീണാ ജോർജ് കുറിച്ചു.
ഇതിനിടെ കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് പോലീസ് നടപടിയെടുത്തത്.