പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന്

Spread the love

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെടിവച്ച അക്രമിയുടെ കുറ്റസമ്മത വീഡിയോ ചോര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ചൗധരി പെര്‍വൈസ് ഇലാഹി സസ്‌പെന്റ് ചെയ്തു. സംഭവത്തിന്റെ വസ്തുത പുറത്തുവരാന്‍ ഉന്നതതല സംയുക്ത അന്വേഷണസംഘം രൂപീകരിക്കണമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധമാര്‍ച്ചിനിടെ കണ്ടെയ്‌നറില്‍ നിന്ന് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്നലെയാണ് 70കാരനായ ഇമ്രാന് വെടിയേറ്റത്. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നും ഇമ്രാന്‍ അപകടനില തരണം ചെയ്തതായും അദ്ദേഹത്തിന്റെ പാര്‍ട്ടി വ്യക്തമാക്കി. ഇമ്രാന് നേരെയുണ്ടായ അക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഇമ്രാനെ വെടിയുതിര്‍ത്ത അക്രമിയുടെ കുറ്റസമ്മത വീഡിയോ പുറത്തായിരുന്നു. ഇതേതുടര്‍ന്ന് പാക് പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ എല്ലാ ജീവനക്കാരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും അവ ഫോറന്‍സിക് പരിശോധനയ്ക്ക്് അയക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യ്ക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്താനും ഇലാഹി നിര്‍ദേശം നല്‍കി.

അതേസമയം, ഇമ്രാനെ കൊലപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അക്രമി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാനെയല്ലാതെ മറ്റാരെയും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിലെ വസീറാബാദ് പട്ടണത്തിലെ അല്ലാവാല ചൗക്കിന് സമീപം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് ഖാന്‍ ഇസ്ലാമാബാദിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *