ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിക്കുന്ന ഒരു ക്ഷേത്രം.

Spread the love

ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ആരാധിക്കുന്ന ഒരു ക്ഷേത്രം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ മംഗളഗിരി മണ്ഡലത്തിലെ നവലുരു ഗ്രാമത്തിലാണ് നാഗേന്ദ്ര സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മംഗളഗിരി റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഒന്നര ഏക്കര്‍ മാവിന്‍ തോട്ടത്തിനുള്ളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദുക്കള്‍ നാഗേന്ദ്ര സ്വാമിക്ക് പൂജകള്‍ ചെയ്യുമ്പോള്‍, മുസ് ലിങ്ങള്‍ നാഗുല്‍ മീരയുടെ നാമത്തിലാണ് ആരാധന നടത്തുന്നത്.
എല്ലാ വ്യാഴാഴ്ചയും ഞാറാഴ്ചയും ക്ഷേത്രത്തിലേക്ക് ഇരുമതങ്ങളിലുമുള്ള വിശ്വാസികളുടെ കുത്തൊഴുക്കാണ്. തല മൊട്ടയടിക്കല്‍, കുഞ്ഞുങ്ങളുടെ പേരിടല്‍, കാത് കുത്തല്‍ തുടങ്ങിയ പ്രത്യേക വഴിപാടുകളും ക്ഷേത്രത്തില്‍ ദിവസവും നടത്താറുണ്ട്. ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തില്‍ ഭക്തരുടെ വലിയ തിരക്കാണുള്ളത്. നാഗദൈവമായതിനാല്‍, നാഗുല ചവിതി ദിനത്തില്‍ (നാഗദൈവങ്ങളെയും നാഗദേവതകളെയും ആരാധിക്കുന്ന ദിവസം) ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.
നാഗുല ചവിതി നാളില്‍ നാഗേന്ദ്ര സ്വാമി, പരമശിവന് വാസുകിയായും ശ്രീ മഹാവിഷ്ണു മൂര്‍ത്തിക്ക് ആദി ശേഷുവായും മാറുന്നു എന്നാണ് വിശ്വാസം. ഈ വിശ്വാസപ്രകാരം നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തി നാഗേന്ദ്ര സ്വാമിക്ക് വഴിപാടുകള്‍ നടത്താറുണ്ട്. ഈ വഴിപാടുകള്‍ ചെയ്യുന്നതിലൂടെ രോഗശാന്തി ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നാഗേന്ദ്ര സ്വാമിക്ക് പ്രത്യേക വഴിപാടുകള്‍ ചെയ്താല്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 2008ല്‍ ക്ഷേത്രത്തില്‍ ഒരു കല്യാണ മണ്ഡപം നിര്‍മ്മിച്ചിരുന്നു. അവിടെ വെച്ചാണ് ഭൂരിഭാഗം ഭക്തരും വിവാഹങ്ങള്‍ നടത്തുന്നത്.
ദേശീയ പാതയുടെ വഴിയോരത്തുള്ള ഹനുമാന്‍ ക്ഷേത്രം മാറ്റി പണിയുന്നതിനായി ജില്ലാ ഭരണകൂടത്തിന് മുസ്ലീം യുവാവ് ഭൂമി ദാനം ചെയ്തതും വാര്‍ത്തയായിരുന്നു, ഉത്തര്‍പ്രദേശിലെ ഹാജഹാന്‍പൂരിലെ ഹനുമാന്‍ ക്ഷേത്രത്തിനു വേണ്ടിയാണ് ബാബു അലി ഭൂമി കൈമാറിയിരുന്നത്. സ്ഥലത്ത് ക്ഷേത്രം നിലനില്‍ക്കുന്നതിനാല്‍ കാച്ചിയനി കേര ഗ്രാമത്തില്‍ ഡല്‍ഹി ലഖ്‌നൗ എന്‍എച്ച് 24 വീതി കൂട്ടാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ബാബു അലി ക്ഷേത്രം മാറ്റി പണിയാന്‍ ആവശ്യമായ ഭൂമി നല്‍കിയത്. ഭൂമി ഭരണകൂടത്തിന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി തില്‍ഹാര്‍ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാശി കൃഷ്ണ പറഞ്ഞിരുന്നു. ഹിന്ദുമുസ്ലിം ഐക്യത്തിന് മാതൃകയായ അലിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് മുസ്ലീം ദമ്പതികള്‍ 1.02 കോടി രൂപ സംഭാവന നല്‍കിയതും വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ടിടിഡിക്ക് സംഭാവന കൈമാറിയത്. ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഡിഡി ഏറ്റുവാങ്ങിയത്. പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *