പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു.

Spread the love

പേരാമ്പ്ര: പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരുന്നു.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടി.പി.രാജീവന്റെ പ്രശസ്ത നോവലുകള്‍. കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ കവിതകളെഴുതിത്തുടങ്ങിയ രാജീവന് യുവകവികള്‍ക്കുള്ള വി.ടി.കുമാരന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008ലെ ലെടിംഗ് ഹൗസ് ഫെല്ലോഷിപ്പിനും തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലും ഇംഗ്ലീഷിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രവര്‍ത്തിച്ചു.
വാതില്‍, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാള്‍, ദീര്‍ഘകാലം, പ്രണയശതകം തുടങ്ങിയ കവിതകളും പുറപ്പെട്ടുപോകുന്ന വാക്ക് എന്ന യാത്രാവിവരണവും വാക്കും വിത്തും, അതേ ആകാശം അതേ ഭൂമി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. വടക്കുമ്പാട് ഹൈസ്‌കുള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.

Leave a Reply

Your email address will not be published. Required fields are marked *