സൈമണ്‍ ബ്രിട്ടോയുടെ വീട് ആളില്ലാത്ത നേരത്ത് പൊലീസ് കുത്തിത്തുറന്നെന്ന പരാതിയുമായി ഭാര്യ സീന.
കൊച്ചി: കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസി കൂടെ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീന പരാതി നല്‍കിയത്.
എറണാകുളം വടുതലയിലെ വീട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് സംഘം എത്തിയത്. കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി. വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങള്‍ പിന്നാലെ കാണാതായെന്ന് പരാതിയില്‍ പറയുന്നു. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളില് ചിലതും കാണാതായിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെ വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിക്കുന്നു. മകളുടെ പഠനാവശ്യത്തിനായി ഡല്‍ഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പൊലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പൊലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുന്‍പ് താന്‍ വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണെന്നും പരാതിയില്‍ പറയുന്നുണ്ട്.