മഠാധിപതി സ്വാമി തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായത് 21 കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും മറ്റൊരു മഠത്തിലെ സ്വാമിയും.
ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായത് ഇരുപത്തിയൊന്നുകാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും മറ്റൊരു മഠത്തിലെ സ്വാമിയും. ഹണിട്രാപ്പില്‍ കുടുങ്ങിയതോടെയാണ് സ്വാമി ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തി.
കര്‍ണാടക രാമനഗരയിലെ കാഞ്ചുങ്കല്‍ ബണ്ടെയിലാണ് സ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് വിദ്യാര്‍ഥിനിയും സ്വാമിയും പിടിയിലായത്. ബസവലിംഗയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ മുതലാണ് വിഡിയോ കോളിലൂടെ സ്വാമിയുടെ നഗ്‌നദൃശ്യങ്ങള്‍ ഉള്‍പ്പെടെ പെണ്‍കുട്ടി പകര്‍ത്തിയത്. ബസവലിംഗയുമായി ശത്രുത പുലര്‍ത്തുന്ന കന്നൂര്‍ മഠത്തിലെ മൃത്യുഞ്ജയ സ്വാമിയ്ക്കും ഇതില്‍ പങ്കുണ്ടായിരുന്നു. പെണ്‍കുട്ടിയും മൃത്യുഞ്ജയയും ചേര്‍ന്ന് ബസവലിംഗയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. വന്‍തുക ഇരുവരും ചേര്‍ന്ന് സ്വാമിയില്‍ നിന്ന് കൈപ്പറ്റി. സ്ഥാനം ഒഴിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കന്നൂര്‍ മഠത്തിലെ സ്വാമിമാരുമായി പ്രശ്‌നം ഉണ്ടായതോടെയാണ് ബസവലിംഗയെ കുടുക്കാന്‍ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് 25 പേരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ ഇവര്‍ രണ്ടുപേര്‍ക്കും മാത്രമേ ബന്ധമുള്ളുവെന്നും കണ്ടെത്തി. മുരുക മഠത്തിലെ സ്വാമി ശിവമൂര്‍ത്തി മുരുക, സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ താനും അറസ്റ്റിലായേക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 24നാണ് നാല്‍പ്പത്തിയഞ്ചുകാരനായ സ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 1997 മുതല്‍ കാഞ്ചുങ്കല്‍ ബണ്ടെയിലെ മഠത്തിലെ തലവനാണ് ബസവലിംഗ.