എട്ട് വിസിമാർക്കെതിരെ നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
എട്ട് വിസിമാർക്കെതിരെ നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്നാണ് രാജ്ഭവൻ നിലപാട്. അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നൽകിയ ശമ്പളം അനർഹമായാണെന്നും വിലയിരുത്തിയാണ് നടപടി. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ മൂലം മറുപടി നൽകേണ്ട സമയ പരിധി നാളെ അവസാനിക്കുകയാണ്.
അതിനിടെ, ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഹർജി നൽകി. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. ഹർജി ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ഗവർണരുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.